തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ രാജിവെയ്ക്കാനുണ്ടായ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള കേസ് അന്വേഷിച്ച ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണ വേളയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്.
സെക്രട്ടറിയേറ്റ് പിണറായി വിജയന്റെ സ്വത്തല്ലെന്നും അത് പബ്ലിക് ഓഫീസാണെന്നും ഹരീഷ് ഫെയ്‌സ്ബുക്കില്‍ പരിഹാസം ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രീതിയും അപ്രീതിയും നോക്കി മാധ്യമപ്രവര്‍ത്തകരോ ജനങ്ങളോ സെക്രട്ടേറിയറ്റില്‍ കയറുന്നത് തടയാന്‍ സാധിക്കില്ല. അത് അധികാര ദുര്‍വിനിയോഗമാണെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടി. മാധ്യമ തൊഴില്‍ ചെയ്യുന്ന ആളുകളെ ആരെയും സെക്രട്ടേറിയറ്റിനുള്ളില്‍ കയറരുതെന്ന് ഇടതു സര്‍ക്കാരിനു പുതിയ നയമുണ്ടെങ്കില്‍ അതിനു മതിയായ കാരണമുണ്ടെങ്കില്‍ മന്ത്രിസഭാ തീരുമാനത്തിലൂടെ സര്‍ക്കാരിന് ഉത്തരവിറക്കാം. ഇതിന്റെ നിയമപരമായ വില പിന്നെ കോടതി തന്നെ തീരുമാനിക്കുമെന്നും ഹരീഷ് പറയുന്നു.
ഫെയ്‌സ്ബുക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;
ഗവണ്മെന്റ് സെക്രട്ടേറിയറ്റ് പിണറായി വിജയന്റെ സ്വന്തം സ്വത്തല്ല, അത് സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് ഓഫീസാണ്. അവിടെ നടക്കുന്നതെന്തും പൊതുതാല്പര്യമുള്ള കാര്യമാണ്, അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രീതിയും അപ്രീതിയും നോക്കി മാധ്യമപ്രവര്‍ത്തകരോ ജനങ്ങളോ സെക്രട്ടേറിയറ്റില്‍ കയറുന്നത് തടയാന്‍ കഴിയില്ല. അത് അധികാര ദുര്‍വിനിയോഗം ആണ്.
മാധ്യമ തൊഴില്‍ ചെയ്യുന്ന ആളുകളെ ആരെയും സെക്രട്ടേറിയേറ്റിനുള്ളില്‍ കയറ്റരുത് എന്ന് ഇടതുസര്‍ക്കാരിന് ഒരു പുതിയ നയം ഉണ്ടെങ്കില്‍, അതിനു മതിയായ കാരണം ഉണ്ടെങ്കില്‍, മന്ത്രിസഭാ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാം. അതിന്റെ നിയമപരമായ വില പിന്നെ കോടതി തീരുമാനിച്ചുകൊള്ളും.
സെക്രട്ടേറിയേറ്റ് വളപ്പില്‍ നിന്ന് പൗരനോട് ‘കടക്ക് പുറത്ത്’ എന്നാജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന ആ കസേരയ്ക്കില്ല മുഖ്യമന്ത്രീ. അധികാരത്തിന്റെ തിമിരം ബാധിക്കുമ്‌ബോള്‍ ഉണ്ടാവുന്ന തോന്നലുകള്‍ക്ക് ആണെങ്കില്‍, ജനാധിപത്യത്തില്‍ ചികിത്സയുമുണ്ട്.