മലപ്പുറം:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമയാ ഹരിദാസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം െതറ്റായി വ്യാഖ്യാനിച്ചതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും കോണ്‍ഗ്രസും ലീഗും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് വിജയരാഘവന്‍ ന്യായീകരിച്ചത്. പരാമര്‍ശത്തില്‍ മാപ്പു പറയുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രസ്താവന പിന്‍വലിക്കാനോ മാപ്പുപറയാനോ തയ്യാറല്ലെന്നാണ് വിജയരാഘവന്‍ പറഞ്ഞത്.

ആരെ കുറിച്ചും മോശമായി സംസാരിക്കുന്ന സ്വഭാവം സിപിഎമ്മിനും ഇടത് മുന്നണിക്കും ഇല്ല. സ്ത്രീകള്‍ പൊതു രംഗത്ത് വരണം എന്ന അഭിപ്രായം ഉള്ളയാളാണ് താനെന്നും ഭാര്യയും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണെന്നും വിജയരാഘവന്‍ പറഞ്ഞു.വ്യക്തിപരമായ അധിക്ഷേപം പ്രസ്താവനയ്ക്ക് പിന്നിലില്ലെന്നും അതുകൊണ്ടുതന്നെ അധിക്ഷേപിക്കപ്പെട്ടെന്ന് രമ്യ ഹരിദാസ് കരുതേണ്ടതില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
അതേസമയം വിജയരാഘവനെ ന്യായീകരിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്.വിജയരാഘവന്‍ രമ്യ ഹരിദാസിനെ ആക്ഷേപിച്ചിട്ടില്ലെന്നും പരാമര്‍ശം വളച്ചൊടിക്കപ്പെട്ടെന്നുമാണ് കോടിയേരി വയനാട്ടില്‍ പറഞ്ഞത്.
എന്നാല്‍ വിജയരാഘവന്റെ പ്രസ്താവനയില്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ അതൃപ്തിയുണ്ടെന്നാണറിയുന്നത്. സ്ത്രീവിരുദ്ധപരാമര്‍ശത്തിനെതിരെ സംസ്ഥാനമൊട്ടുക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.