കണ്ണൂര്‍:മാവോയിസ്റ്റ് ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അമാനവസംഗമം നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ മുന്‍കുര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു. കണ്ണൂര്‍ പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശിയായ രജീഷ് പോളിനെ പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ടൗണ്‍ നോര്‍ത്ത് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. സംഭവം നടന്നത് പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പാലക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.

രജീഷ് പോള്‍ തനിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തകയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 2012 ആഗസ്റ്റ് മുതല്‍ 2013 വരെയുള്ള കാലയളവില്‍ രജീഷ് ഉപദ്രവിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെ സൗഹൃദം നടിച്ച് അടുത്തുകൂടിയ രജീഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.തന്റെ ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കിലിടുമെന്ന് രജീഷ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.