റാവ: ഭീകരസംഘടനയ്ക്കു കനത്ത തിരിച്ചടിയായി ഇറാഖില്‍ നിയന്ത്രണത്തിലാക്കി വച്ചിരുന്ന അവസാന നഗരത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ(ഐഎസ്) സൈന്യം തുരത്തിയോടിച്ചു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള റാവയില്‍ നിന്നാണ് മിന്നലാക്രമണത്തിലൂടെ ഇറാഖി സൈന്യം ഐഎസിനെ തകര്‍ത്തത്. റാവ പൂര്‍ണമായും തിരിച്ചു പിടിച്ച സൈന്യം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തി. ഇതോടെ ഇറാഖ് പൂര്‍ണമായും ഐഎസിന്റെ പിടിയില്‍ നിന്ന് മോചിതമായെന്ന് സേനാവക്താവ് ലഫ്. ജനറല്‍ അബ്ദുല്‍ അമീര്‍ റഷീദ് അറിയിച്ചു.

2014ലാണ് ഇറാഖിലെയും സിറിയയിലെയും പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ ഐഎസിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. ഇറാഖ്‌സിറിയ അതിര്‍ത്തിയിലെ 95% പ്രദേശങ്ങളും പിടിച്ചെടുത്തെന്നായിരുന്നു ഐഎസ് അവകാശവാദം. തുടര്‍ന്നു നടന്ന പോരാട്ടത്തിനൊടുവിലാണ് സൈന്യത്തിന്റെ ഇപ്പോഴത്തെ വിജയം.

റാവയില്‍ നിന്ന് അതിര്‍ത്തിയിലെ മരുഭൂമിയിലേക്കു പലായനം ചെയ്ത ഐഎസ് ഭീകരരെ പിന്തുടരുകയാണിപ്പോള്‍ സൈന്യം. സിറിയ-ഇറാഖ് അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിറിയയില്‍ ഐഎസിന്റെ അവസാന താവളമായ അല്‍ബു കമലിലും കഴിഞ്ഞ രണ്ടു ദിവസമായി കനത്ത പോരാട്ടം നടക്കുകയാണ്. അല്‍ബു കമല്‍ സൈന്യം പിടിച്ചെടുത്തെങ്കിലും തുരങ്കങ്ങളില്‍ ഒളിച്ചിരുന്ന ഐഎസ് ഭീകരര്‍ തിരിച്ചടിച്ചതോടെ സൈനികര്‍ പിന്തിരിയുകയായിരുന്നു.