ന്യൂഡല്‍ഹി:മീടൂ കാമ്പയിന്റെ ഭാഗമായി ഒന്നിലധികം സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ച വിദേശ കാര്യസഹമന്ത്രി എം.ജെ.അക്ബറിനെതിരെ നടപടിയുണ്ടായേക്കും.വിഷയം ബിജെപി വളരെ ഗൗരവത്തോടെയാണ് കാണുന്നത്.ഇപ്പോള്‍ നൈജീരിയന്‍ യാത്രയിലായിരുന്ന അക്ബറിനോട് എത്രയും വേഗം ഡല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു.അക്ബര്‍ ഇന്നുതന്നെ മടങ്ങിയെത്തിയേക്കും.
ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം.ജെ.അക്ബറിനെതിരെ പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്.തുടര്‍ന്ന് അഞ്ചോളം വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ കൂടി ആരോപണവുമായി എത്തി.അക്ബര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തക കണിക ഗാഹ്ലോട്ടാണ് ഇന്നലെ വെളിപ്പെടുത്തിയത്.സുപര്‍ണ ശര്‍മ്മ,ഷുമ രാഹ,പ്രെര്‍ന സിംഗ് ബിന്ദ്ര തുടങ്ങിയവരും അക്ബറിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ തുറന്നെഴുതിയിട്ടുണ്ട്.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളില്‍ അക്ബര്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.കോണ്‍ഗ്രസും മനേകാഗാന്ധിയുമുള്‍പ്പെടെ പ്രമുഖരും അക്ബറിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.