തിരുവനന്തപുരം:സംഘപരിപാര്‍ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ‘മീശ’ എന്ന നോവല്‍ എഴുത്തുകാരന്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി പ്രമുഖര്‍ രംഗത്ത്.നോവല്‍ പിന്‍വലിച്ച തീരുമാനം എസ്.ഹരീഷ് പുനഃപരിശോധിക്കണമെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
ഒരു നോവലിന്റെ രണ്ടോ മൂന്നോ അദ്ധ്യായം പുറത്തുവന്നപ്പോള്‍ത്തന്നെ അതിനെതിരെ അസഹിഷ്ണുതയുടെ വാളോങ്ങുന്നവരെ അക്ഷരവിരോധികളായി കാണാന്‍ ജനാധിപത്യ സമൂഹം തയ്യാറാവണം.സംഘപരിവാറിന്റെ ഈ ഭീഷണിക്ക് വഴങ്ങിയാല്‍ കേരളം പൊരുതി പരാജയപ്പെടുത്തിയ സാമൂഹ്യവിരുദ്ധമായ ആശയങ്ങളുടെ പുനരുജ്ജീവനത്തിനായിരിക്കും വഴിതുറക്കുക.അതുകൊണ്ട് എഴുത്തുകാര്‍ക്കെതിരായ ഭീഷണിയെ ഏത് വിധേനയും ചെറുത്ത് പരാജയപ്പെടുത്തണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
മതമൗലികവാദികളുടെ ഭീഷണിയില്‍ ഹരീഷ് എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു.നോവല്‍ പിന്‍വലിക്കേണ്ടിവന്നത് കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അതേ സമയം ഹരീഷിനും കുടുംബത്തിനും ഭീഷണി ഉണ്ടായിട്ടും ആഭ്യന്തരവകുപ്പ് മൗനം പാലിച്ചെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം നോവലിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഫാസിസ്റ്റ് ആണെങ്കില്‍ താന്‍ ഫാസിസ്റ്റാണെന്നാണ് ബിജെപി വക്താവ് എംഎസ് കുമാര്‍ പറഞ്ഞത്.എഴുത്തുകാരന്‍ തയ്യാറായാല്‍ നോവല്‍ പ്രസിദ്ധീകരിക്കാമെന്ന് സമകാലിക മലയാളം വാരിക പത്രാധിപ സമിതി അറിയിച്ചു.