തിരുവനന്തപുരം:മുഖ്യ മന്ത്രി പിണറായി വിജയന്‍ 13 ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ യാത്രയ്ക്ക്.മെയ് 8 ന് യാത്രതിരിക്കുന്ന മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും.
ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.മേയ് 13ന് നടക്കുന്ന പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പ്രസിദ്ധ അമേരിക്കന്‍ ധനതത്വശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ് ലിറ്റ്സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
നെതര്‍ലാന്റ്സില്‍ മെയ് 9ന് ഐടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒ വിന്റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. മെയ് 10ന് നെതര്‍ലാന്റ്സ് ജലവിഭവ – അടിസ്ഥാനസൗകര്യ വികസന മന്ത്രി കോറ വാനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. റോട്ടര്‍ഡാം തുറമുഖം,വാഗ്‌നിയന്‍ സര്‍വ്വകലാശാല എന്നിവയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.നെതര്‍ലാന്റ്സിലെ മലയാളി കൂട്ടായ്മയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. പാരീസ്, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലും മുഖ്യമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ചീഫ് സെക്രട്ടറി ടോം ജോസ്,അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത,റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഡോ.വി. വേണു, ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ കുര്യാക്കോസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും.