[author image=”http://veekshanamonline.media/wp-content/uploads/2017/11/Nizar-Mohammed.jpg” ]നിസാര്‍ മുഹമ്മദ് [/author]

തിരുവനന്തപുരം: നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ തോമസ് ചാണ്ടി മന്ത്രിപദത്തില്‍ നിന്ന് തെറിച്ചു. അവസാന നിമിഷം വരെ ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മന്ത്രിസഭയില്‍ കടുത്ത ഭിന്നത ഉണ്ടാവുകയും ഭരണഘടനാ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് തോമസ് ചാണ്ടിയുടെ രാജിക്കത്ത് സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായത്.

രാവിലെ മന്ത്രിസഭാ യോഗത്തിലും തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലും തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. മന്ത്രിയുടെ രാജിയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഉചിതമായ സമയത്ത് രാജിയുണ്ടാകുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു.

എന്‍.സി.പി യോഗത്തിന് ശേഷം ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ടി.പി പീതാംബരന്‍ മാസ്റ്റര്‍ രാജിക്കത്ത് കൈമാറിയതോടെയാണ് മൂന്നുമാസം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരശീലവീണത്. തൊട്ടുപിന്നാലെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയക്കുകയും വൈകുന്നേരം 3.50-ഓടെ ഗവര്‍ണര്‍ രാജി സ്വീകരിക്കുകയുമായിരുന്നു. തോമസ് ചാണ്ടിയുടെ രാജിയോടെ എന്‍.സി.പിക്ക് കേരളത്തില്‍ മാത്രമല്ല, രാജ്യത്തൊരിടത്തും മന്ത്രിയില്ലാത്ത അവസ്ഥയായി. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലേക്കാണ് തോമസ് ചാണ്ടി മന്ത്രിയായി എത്തിയത്.

മന്ത്രിസഭാ യോഗത്തിന് മുമ്പു തന്നെ തോമസ് ചാണ്ടി രാജിവെയ്ക്കുമെന്ന പ്രതീതിയായിരുന്നു. ഇതിനിടെ, തോമസ് ചാണ്ടിയെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സി.പി.ഐയുടെ കത്ത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കൈമാറി. അദ്ദേഹം പങ്കെടുത്താല്‍ സി.പി.ഐ മന്ത്രിമാര്‍ യോഗത്തിലുണ്ടാവില്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതോടെ മന്ത്രിയുടെ രാജി ഉറപ്പിച്ചു. എന്നാല്‍, ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടിയും പീതാംബരന്‍ മാസ്റ്ററും ചര്‍ച്ച നടത്തിയതിന് പിന്നാലെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്നായിരുന്നു എന്‍.സി.പിയുടെ നിലപാട്. ഇത് അംഗീകരിച്ച മുഖ്യമന്ത്രി, മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ തോമസ് ചാണ്ടിയോട് നിര്‍ദ്ദേശിച്ചു.

ഇതറിഞ്ഞ സി.പി.ഐ മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ എന്നിവര്‍ റവന്യൂ ഇ. ചന്ദ്രശേഖരന്റെ ഓഫീസില്‍ ഒത്തുകൂടി. മന്ത്രിസഭാ യോഗം നടക്കുമ്പോഴും തൊട്ടുതാഴെയുള്ള റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ നാലുപേരും തയാറായില്ല. സി.പി.ഐ മന്ത്രിമാരില്ലാതെ യോഗം തുടങ്ങുന്നതിലെ അനൗചിത്യം മന്ത്രി മാത്യു ടി തോമസ് ചൂണ്ടിക്കാട്ടിയെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. തോമസ് ചാണ്ടി ഇപ്പോഴും മന്ത്രിയാണെന്നും അതിനാല്‍ അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. യോഗത്തില്‍ വരാത്തവരെ എടുത്തുകൊണ്ടു വരാനാവില്ലല്ലോയെന്ന പരിഹാസവും മുഖ്യമന്ത്രി നടത്തി.

മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ തോമസ് ചാണ്ടിയുടെ രാജി വിഷയത്തേക്കാള്‍ സി.പി.ഐയുടെ നടപടിക്കെതിരെയാണ് മുഖ്യമന്ത്രി തിരിഞ്ഞത്. ‘ഇതൊരു അസാധാരണ സംഭവം’ എന്ന വാക്ക് തന്നെ ഉപയോഗിച്ച് മുഖ്യമന്ത്രി സി.പി.ഐക്കെതിരെ ആഞ്ഞടിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം എന്‍.സി.പി ദേശീയ നേതൃത്വത്തിന് വിട്ടിരിക്കുകയാണെന്നായിരുന്നു അതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മന്ത്രിസഭാ യോഗത്തിന് പിന്നാലെ, എന്‍.സി.പി ദേശീയ നേതാക്കളായ പ്രഫുല്‍ പട്ടേലും ശരദ് പവാറും മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഹൈക്കോടതിയുടെ വിധി പകര്‍പ്പില്‍ മന്ത്രിക്കെതിരെ പരാമര്‍ശങ്ങളില്ലെന്നും ഈസാഹചര്യത്തില്‍ രാജി അനിവാര്യമല്ലെന്നുമായിരുന്നു അവരുടെ വാദം. എന്നാല്‍, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന സി.പി.ഐയുടെ തുടര്‍ന്നുള്ള നിലപാടുകള്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായേക്കാമെന്ന വിലയിരുത്തല്‍ വന്നതോടെ തോമസ് ചാണ്ടിയുടെ രാജി ഉടനുണ്ടാകുന്നതാണ് ഉചിതമെന്ന മുഖ്യമന്ത്രിയുടെ സന്ദേശം എന്‍.സി.പിക്ക് ലഭിച്ചു. തുടര്‍ന്ന് ചേര്‍ന്ന എന്‍.സി.പി യോഗത്തിലാണ് തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടായത്.