ആലപ്പുഴ:മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം. മന്ത്രിമാരായ തിലോത്തമന്‍, തോമസ് ഐസക് ജി സുധാകരന്‍, കടകംപള്ളി സുധാകരന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തതും എന്‍എസ്എസുമായി സിപിഎം ഇടഞ്ഞു നില്‍ക്കുന്നതുമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയപ്രാധാന്യമുണ്ട്.
കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനായി മൂന്നരക്കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലും വനിതാമതിലിനുമുള്‍പ്പെടെ സര്‍ക്കാരിനോടു ചേര്‍ന്നുനിന്ന വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ നല്‍കിയ ഉപകാര സ്മരണയായാണ് ധനസഹായമെന്നാണ് പറയപ്പെടുന്നത്.