തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നളിനി നെറ്റോ രാജിവച്ചു. ഇന്ന് ഉച്ചയ്ക്കാണ് നളിനി നെറ്റോ രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയത്.പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് വിവരം.പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നടത്തിയ പ്രധാന നിയമനങ്ങളിലൊന്നാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയത്. ചീഫ് സെക്രട്ടറി പദവിയിലിരുന്ന സമര്‍ത്ഥയായ ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്നു വിരമിച്ചശേഷം സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിക്കുകയായിരുന്നു.
തുടക്കത്തില്‍ പ്രധാന ഫയലുകളെല്ലാം കൈകാര്യം ചെയ്യിരുന്നത് നളിനി നെറ്റോയായിരുന്നു.എന്നാല്‍ പതുക്കെ ഫയലുകള്‍ പലതും കൈയിലെത്താതെ വന്നതോടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് നളിനി നെറ്റോയെ രാജിക്ക് പ്രേരിപ്പിച്ചതെന്നാണറിയുന്നത്. ഓഫീസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതോടെ ഓഫീസ് നിയന്ത്രിക്കാന്‍ ആളില്ലാതായതും നളിനി നെറ്റോയുടെ പടിയിറക്കത്തിന് പ്രേരണയായതായി പറയപ്പെടുന്നു.