തിരുവനന്തപുരം: സോളാര്‍ കേസില്‍ യു ഡി എഫ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താനുള്ള തീരുമാനം ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭയുടെ തീരുമാനമായാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിലും രാഷ്ട്രീയ തീരുമാനമായി നേരത്തെ കൈക്കൊണ്ടതാണിത്.
എട്ടാം തീയതി വേങ്ങരയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സി.പി.എം നേതാവ് ടി.കെ ഹംസ ആറ് പ്രതിപക്ഷ നേതാകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് പറഞ്ഞതുതന്നെ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന് നിയമോപദേശം നല്‍ക്കുന്ന നിയമ സെക്രട്ടറിയുടെ ഉപദേശം തേടാതെ സി പി എം സഹയാത്രികരും നോമിനികളുമായ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനം. അതേസമയം,കെ.ബി ഗണേശ്കുമാറിനെതിരെ ഒരു നടപടിയും എടുക്കാത്തതും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്.
കഴിഞ്ഞ നാലു വര്‍ഷവും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താതെ രഹസ്യമായി ക്യാബിനറ്റില്‍ തീരുമാനം എടുത്തത് കമ്മീഷന്റെ നിഗമനങ്ങളുടെയോ ശുപാര്‍ശകളുടെയോ അടിസ്ഥാനത്തിലല്ല എന്നതുതന്നെ ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തില്‍ എത്താമെന്നും ഹസ്സന്‍ പറഞ്ഞു.
മുഖം നഷ്ടപ്പെട്ട സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായാണ് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തകര്‍ക്കുന്നത്. ബി.ജെ.പിയ്ക്കതിരെയുള്ള മെഡിക്കല്‍ കോളേജ് കോഴ കേസിന്റെ വിജിലന്‍സ് അന്വേഷണം പിന്‍വലിച്ചതിലെ താത്പര്യവും ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തതിലെ രാഷ്ട്രീയവും ജനങ്ങള്‍ മനസ്സിലാക്കുമെന്നും എം.എം ഹസ്സന്‍ പറഞ്ഞു. അന്വേഷണത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ അഴിമതിയെയും സി.പി.എം-ബി.ജെ.പി രഹസ്യ ബന്ധത്തെയും എതിര്‍ക്കുന്നതിന്റെ പേരിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. വേങ്ങര ഉപതെരഞ്ഞെടുപ്പു ദിവസം തന്നെയുള്ള തീരുമാനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.