തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന് ചര്‍ച്ച വിജയം കണ്ടതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ സമരം പിന്‍വലിച്ചു.അര്‍ഹരായ 1905 പേര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും ദുരിത ബാധിത പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെയാണ് കഴിഞ്ഞ അഞ്ചു ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സമരം അവസാനിപ്പിച്ചത്.
എം വി ജയരാജന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചര്‍ച്ച നടന്നത്.ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ മുഖ്യമന്ത്രി എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്കു പരിഹാരമായത്.സമരത്തെ തെറ്റായി വ്യാഖ്യാനിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയോട് പരിഭവമില്ലെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും സാമൂഹിക പ്രവര്‍ത്തക ദയാബായി മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചു ദിവസമായിട്ടും നിരാഹാരം കിടക്കുന്നവരെ കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിന്റെ നടപടിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് രാവിലെ ദുരിതബാധിതര്‍ സങ്കട യാത്ര നടത്തിയിരുന്നു.കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ അടക്കം സങ്കടയാത്രയില്‍ പങ്കെടുത്തു.തുടര്‍ന്നാണ് സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്.