തിരുവനന്തപുരം:മുസ്‌ളീം ലീഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി എത്താതിരുന്നത് വലിയ രീതിയില്‍ ചര്‍ച്ചയാക്കി നവമാധ്യമങ്ങള്‍.പാര്‍ലമെന്റിലെത്താതെ മലപ്പുറത്ത് ഒരു വിവാഹ സല്‍ക്കാരത്തില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചതോടെയാണ് സംഗതി വിവാദത്തിലായത്.ലീഗിന്റെ പ്രഖ്യാപിത രാഷ്ട്രീയ ശത്രുവായ മന്ത്രി കെ.ടി.ജലീലിനൊപ്പമാണ് മന്ത്രി വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തതെന്നതും പാര്‍ട്ടിയില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.കുഞ്ഞാലിക്കുട്ടി സമുദായത്തെ വഞ്ചിച്ചുവെന്ന് ഐഎന്‍എല്‍ ആരോപിച്ചു.
നേരത്തേ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍വേണ്ടി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന ചരിത്രവും കുഞ്ഞാലിക്കുട്ടിക്കുണ്ട്.മുത്തലാഖ് ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്ത 11 പേരില്‍ സി പി എം, എം പി മാരും, ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രനും,മുസ്ലീം ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീറുമുണ്ടായിരുന്നു.എന്നാല്‍ ലീഗിന്റെ ശക്തനായ നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി എത്താതിരുന്നതാണ് അണികളെ ചൊടിപ്പിച്ചത്.