കൊച്ചി:മുനമ്പത്തു നിന്നും മല്‍സ്യബന്ധനത്തിനായിപ്പോയ ബോട്ടില്‍ കപ്പലിടിച്ച് മരിച്ച മൂന്നു പേരും തമിഴ്‌നാട് സ്വദേശികള്‍.യാക്കോബ്,മണിക്കുടി,യുഗനാഥന്‍ എന്നിവരാണ് മരിച്ചത്.മൂന്നുപേരുടേയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു.പരിക്കേറ്റ രണ്ടുപേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.9 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.മല്‍സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും നാവികസേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.കാണാതായവരില്‍ മുനമ്പം മാല്യങ്കര സ്വദേശിയായ ഷൈജുവും ഉണ്ടെന്നാണ് വിവരം.
മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം.ഓഷ്യാനസ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.14 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.ഇതില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി.9 പേര്‍ക്കായാണ് തിരച്ചില്‍ നടത്തുന്നത്.കപ്പല്‍ ഇടിച്ച ഉടന്‍ നിര്‍ത്തിയെങ്കിലും പിന്നീട് ഓടിച്ചുപോവുകയായിരുന്നെന്ന് അപകടത്തില്‍ പരിക്കേറ്റ എഡ്വിന്‍ പറഞ്ഞു.ബോട്ട് ഓടിച്ചിരുന്ന എഡ്വിന്‍ ഒഴികെ ബാക്കിയെല്ലാവരും അപകടസമയത്ത് ഉറക്കത്തിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണ്ണമായും തകര്‍ന്നു.11 തമിഴ്‌നാട് സ്വദേശികളും 2 ബംഗാളികളും ഒരു മലയാളിയുമാണ് ബോട്ടിലുണ്ടായിരുന്നത്.
എം.വി ദേശ് ശക്തി എന്ന ഇന്ത്യന്‍ കപ്പലാണ് ബോട്ടിലിടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കപ്പല്‍ ചെന്നൈയില്‍ നിന്നും ഇറാഖിലെ ബസ്രയിലേക്ക് പോകുകയായിരുന്നു.കപ്പല്‍ കണ്ടെത്താനായി ഡോണിയര്‍ എയര്‍ക്രാഫ്റ്റ് പുറപ്പെട്ടിട്ടുണ്ട്.അപകടം നടന്നപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബോട്ടാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.ഇവര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്നാണ് മറ്റ് മത്സ്യബന്ധന ബോട്ടുകള്‍ സ്ഥലത്തെത്തിയത്.