ലണ്ടന്‍:സാമ്പത്തികത്തട്ടിപ്പ് നടത്തിയിട്ട് വിദേശത്തേക്കു മുങ്ങിയ മദ്യരാജാവ് വിജയ്മല്യ പണം തിരികെ നല്‍കാമെന്നറിയിച്ച് രംഗത്ത്.ബാങ്കുകളില്‍ നിന്നും കടമെടുത്ത മുഴുവന്‍ പണവും തിരിച്ചു നല്‍കാമെന്നും പണം ദയവായി സ്വീകരിക്കണമെന്നും മല്യ തന്റെ ട്വിറ്ററിലൂടെയാണ് അപേക്ഷിച്ചിരിക്കുന്നത്.
‘എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍)ന്റെ വില കുത്തനെ കൂടിയതോടെയാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി കനത്ത നഷ്ടത്തിലായത്.അതുകൊണ്ടാണ് ബാങ്കില്‍ നിന്നെടുത്ത പണവും നഷ്ടമായത്.100 ശതമാനം പണവും അവര്‍ക്ക് തിരിച്ച് നല്‍കാം.ദയവായി സ്വീകരിക്കൂ’ എന്നാണ് മല്യയുടെ ട്വീറ്റ്.
ബാങ്കുകളില്‍നിന്ന് കോടികള്‍ കടമെടുത്തശേഷമാണ് വിജയ് മല്യ വിദേശത്തേക്ക് മുങ്ങിയത്. ബ്രിട്ടണിലേക്കുപോയ മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ ബ്രിട്ടനോടാവശ്യപ്പെട്ടിരുന്നു. മല്യയെ നാടുകടത്തണമോ എന്നത് സംബന്ധിച്ചുള്ള കേസില്‍ ബ്രിട്ടീഷ് കോടതി വിധി പറയാന്‍ അഞ്ചുദിവസം ബാക്കിയുള്ളപ്പോഴാണ് മല്യ പണം തിരികെയടക്കാമെന്നു പറഞ്ഞു രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും പറയുന്നത് താന്‍ തട്ടിപ്പുകാരനാണെന്നാണ്. എന്നാല്‍ പണം തിരിച്ചടയ്ക്കാനുള്ള അവസരം പോലും തനിക്ക് തന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് കോടികള്‍ സംഭാവന ചെയ്ത കമ്പനിയുടെ ഉടമയായിട്ടും തനിക്ക് ഒരു പ്രതിസന്ധി വന്നപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും മല്യ പറയുന്നു.