തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം അടക്കമുള്ള വിവരക്കേടുകള്‍ കാരണം രാജ്യത്ത് വളര്‍ച്ചാനിരക്ക് കുറയ്ക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തെന്ന് ശശി തരൂര്‍ എം.പി ചൂണ്ടിക്കാട്ടി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കെ.എ.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി വഴുതക്കാട് വിമന്‍സ് കോളജില്‍ നടത്തിയ സെമിനാറില്‍ ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോട്ട്നിരോധനം പലരെയും കടക്കെണിയിലാക്കി. സാമ്പത്തിക വളര്‍ച്ചാനിരക്ക് 2.6 ശതമാനം കുറഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പല പൊതുമേഖലാ കമ്പനികളുടെയും ഓഹരികള്‍ വില്‍ക്കുകയാണ്. അതിനൊപ്പം പൊതുജന സേവനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റഴിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ 65 ശതമാനം ജനങ്ങള്‍ക്കും ജനനസര്‍ട്ടിഫിക്കറ്റില്ല. കരസേനാമേധാവിയും ഒന്നാം മോദി സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന വി.കെ സിംഗിന് പോലും ജനന സര്‍ട്ടിഫിക്കറ്റില്ല. തന്റെ ജനന തീയതി തെറ്റായാണ് സ്‌കൂളില്‍ രേഖപ്പെടുത്തിയതെന്നും അതിനാല്‍ റിട്ടയര്‍മെന്റ് കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയില്‍ പോയിരുന്നു. അങ്ങനെയുള്ള രാജ്യത്ത് 50 വര്‍ഷം മുമ്പ് ജനിച്ച ഒരു സാധാരണ പൗരന് എങ്ങനെ ഇത്തരം രേഖകള്‍ സംഘടിപ്പിക്കാനാകും. ആസാമില്‍ എന്‍.ആര്‍.സി നടപ്പാക്കിയപ്പോള്‍ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് പൗരത്വം നഷ്ടപ്പെട്ടു. അയാളെ തടങ്കല്‍ പാളയത്തില്‍ അടച്ചു. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതിനെയാണ് രാജ്യമെമ്പാടും എതിര്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രശ്നമാകില്ലെന്നും അദ്ദേഹം പറഞ്ഞു.