പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയരുന്ന ഓരോ കൈകളും ഓരോ വിരലുകളും അരിഞ്ഞുതള്ളുമെന്ന ഭീഷണിയുമായി ബിഹാറിലെ ബിജെപി പ്രസിഡന്റും ലോക്സഭാ എംപിയുമായ നിത്യാനന്ദ റായി. ഒരുപാട് കഷ്ടതകള്‍ സഹിച്ചാണ് മോദി ഒരു രാജ്യത്തിന് നേതൃത്വം നല്‍കുന്ന നിലയിലേക്ക് ഉയര്‍ന്നുവന്നത്. അതുകൊണ്ട് അദ്ദേഹത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുമെന്നും റായി പറഞ്ഞു.

വൈശ്യ, കാനു സമുദായങ്ങള്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് റായി പ്രധാനമന്ത്രി മോദിയെക്കുറിച്ച് വാചാലനായതും ഭീഷണിയുയര്‍ത്തിയതും.

ചെറുപ്പത്തില്‍ ഏറെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു മോദിയുടെ ജീവിതം. പാവപ്പെട്ട കുടുംബത്തിലെ അംഗമായാണ് അദ്ദേഹം ജനിച്ചത്. ഭക്ഷണം കഴിക്കാന്‍ പോലും ഏറെ ബുദ്ധിമുട്ടി. അവിടെ നിന്നും വളര്‍ന്നാണ് അദ്ദേഹം ഇന്ത്യയുടെപ്രധാനമന്ത്രിയായത് . അതുകൊണ്ട് എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും റായി പറഞ്ഞു. അദ്ദേഹത്തിനെതിരെ ഉയരുന്ന ഓരോ കൈകളും അരിഞ്ഞു വീഴ്ത്താന്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും റായി പറഞ്ഞു.

എന്നാല്‍ വേദിയിലെ പ്രസംഗം കഴിഞ്ഞ് ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒരു പ്രയോഗമായാണ് താന്‍ കൈകള്‍ വെട്ടിയരിയണമെന്ന് പറഞ്ഞത് എന്നായിരുന്നു റായിയുടെ മറുപടി. രാജ്യത്തിന്റെ സുരക്ഷയ്ക്കോ അഭിമാനത്തിനോ എതിരെ പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ രാജ്യം ശക്തരാണ് എന്നതാണ് അരിഞ്ഞുകളയും എന്ന പ്രയോഗം കൊണ്ട് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു റായിയുടെ മറുപടി. താന്‍ മുന്‍കൂട്ടി തയ്യാറാക്കി നടത്തിയ ഒരു പ്രസംഗം അല്ല അതെന്നും മോദിക്ക് എതിരെ നില്‍ക്കുന്നവര്‍ എന്നതുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളെ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.