ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ രാജ്യത്ത് കളളനോട്ടുകളുടെ വ്യാപകമായ വര്‍ധനയ്ക്ക് കാരണമായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇതിന് പുറമേ സംശയകരമായ ഇടപാടുകളുടെ എണ്ണത്തില്‍ 480 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും ധനകാര്യവകുപ്പിന്റെ കീഴിലുളള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതാദ്യമായാണ് നോട്ടു അസാധുവാക്കലിന് ശേഷമുളള സംശയകരമായ നിക്ഷേപങ്ങളുടെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതോടെ കളളനോട്ട്, കളളപ്പണം എന്നിവ തടയാനാണ് നോട്ടു അസാധുവാക്കല്‍ നടപടി സ്വീകരിച്ചതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

2016 നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ബാങ്കുകളിലായി 4.73 ലക്ഷം സംശയകരമായ ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒറ്റ വര്‍ഷം കൊണ്ട് ഇത്തരം ഇടപാടുകളുടെ എണ്ണത്തില്‍ 400 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നു. പൊതു, സ്വകാര്യ, സഹകരണ ബാങ്കുകളിലായി നടന്ന നിക്ഷേപങ്ങളുടെ കണക്ക് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി ഈ നിഗമനത്തില്‍ എത്തിയത്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കളളനോട്ട് ഇടപാടുകളുടെ എണ്ണത്തില്‍ 3.22 ലക്ഷത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നോട്ടു അസാധുവാക്കലിന് ശേഷവും ഇത്രയുമധികം വ്യാജ കറന്‍സികളുടെ വ്യാപനം സാധ്യമായത് സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. 2008-2009 വര്‍ഷത്തിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

സംശയകരമായ ഇടപാടുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനുളള ശ്രമത്തിലാണ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്. 2016-17 വര്‍ഷത്തില്‍ മാത്രം 4,73,006 സംശയകരമായ ഇടപാടുകള്‍ നടന്നതായാണ് ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പല മടങ്ങാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.