തൃശൂര്‍:ഒടുവില്‍ നിരത്തിലെ നിയമലംഘകര്‍ക്ക് പൂട്ടു വീണു. ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കു റദ്ദാക്കി. തൃശൂര്‍ ആര്‍ ടിഎ സമിതിയുടേതാണ് തീരുമാനം. യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിനാല്‍ പെര്‍മിറ്റ് റദ്ദാക്കരുതെന്നുമായിരുന്നു സുരേഷ് കല്ലടയുടെ വാദം.എന്നാല്‍ പെര്‍മിറ്റു റദ്ദാക്കണമെന്ന തീരുമാനത്തില്‍ ആര്‍ടിഎ സമിതി ഉറച്ചു നിന്നു.
ഏപ്രില്‍ 21 നാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ്സിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബസ് സര്‍വീസിനുനേരെ പ്രതിഷേധം ശക്തമാവുകയും കൂടുതല്‍ പേര്‍ കല്ലട ബസിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാരെ മര്‍ദിച്ച ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു.ഇവരുടെ ലൈസന്‍സും റദ്ദാക്കി.
ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി ആര്‍ടിഒ ഉള്‍പ്പടെയുള്ളവരടങ്ങുന്ന സമിതി എടുത്ത തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യുക അത്ര എളുപ്പമല്ല.