ന്യൂഡല്‍ഹി: യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ല് 42 നെതിരെ 147 വോട്ടുകള്‍ക്കാണ് പാസ്സാക്കിയത്. പുതിയ ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ ക്ക് ഭീകരപ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന വ്യക്തിയെ ഭീകരനായി പരിഗണിക്കാനുള്ള അധികാരം ലഭിക്കും. ഒപ്പം ഭീകരനെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അധികാരവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ ഗ്രൂപ്പുകളേയോ സംഘടനകളേയോ മാത്രമേ ഭീകര സംഘടന എന്ന് മുദ്ര കുത്താനാകുകയുളളൂ.
ഭീകരവാദത്തെ ചെറുക്കുന്നതില്‍ രാജ്യം വിട്ട് വീഴ്ച്ചക്കു തയ്യാറല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വ്യക്തികളും ഭീകരവാദത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അതിനാലാണ് പുതിയ ഭേദഗതി കൊണ്ട് വരുന്നതെന്നും അമിത്ഷാ പറഞ്ഞു.എന്നാല്‍ വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പി ചിദംബരം എം പി വിമര്‍ശിച്ചു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് കേരളത്തില്‍ നിന്നടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചു.