തിരുവനന്തപുരം:കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം വലഞ്ഞു. സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്യുകയാണ്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഡിജിപി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കി.
ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇന്ന് തുറക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊലീസ് സംരക്ഷണം നല്‍കും.അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും.
ഹര്‍ത്താല്‍ മൂലം ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഇന്ന് തുടങ്ങാനിരുന്ന എസ്എസ്എസ്എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി മാതൃകാ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.തലസ്ഥാനത്ത് കിളിമാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു.ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു.നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല.ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു തിരുവനന്തപുരം നഗരത്തിലെ കടകള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
എറണാകുളം ജില്ലയിലെ ചിലയിടങ്ങളില്‍ ബസുകള്‍ അനുകൂലികള്‍ തടയുന്നുണ്ട്.മിക്ക കടകളും തുറന്നിരിക്കുകയാണ്. കുമ്പളങ്ങിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു.കോഴിക്കോട് കുന്ദമംഗലം പന്തീര്‍പാടത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി.കൊല്ലത്തും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു.കൊല്ലം,ചവറ ശങ്കര മംഗലത്തും കണ്ണൂര്‍ പയ്യോളിയിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയാണ്.