ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ചാനല്‍ മേധാവിയെയും എഡിറ്ററെയും അറസ്റ്റ് ചെയ്തു. നാഷന്‍ ലൈവ് ചാനല്‍ മേധാവി ഇഷിക സിങ്,എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് യുവതിയുടെ പരാമര്‍ശത്തിലെ വാസ്തവം പരിശോധിക്കാതെ പ്രസിദ്ധീകരിച്ചുവെന്നാണ് കേസ്.ബിജെപി പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്.കൂടാതെ ചാനലിന് ലൈസന്‍സില്ലെന്നും അതുകൊണ്ട് അനധികൃതമായി പ്രവര്‍ത്തിച്ചതിനും കേസെടുത്തതായി പോലീസ് പറയുന്നു.ഇതേ വിഷയത്തില്‍ പ്രശാന്ത് കനൗജിയ എന്ന മാധ്യമപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി യോഗി ആദിത്യനാഥ് താനുമായി വീഡിയോ ചാറ്റ് നടത്താറുണ്ടായിരുന്നുവെന്നും ആദിത്യനാഥിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.ഈ വീഡിയോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനൗജിയ ആദിത്യനാഥിനോട് യുവതിയെ വിവാഹം ചെയ്തുകൂടേയെന്നും എന്തുകൊണ്ടാണ് പ്രണയം പരസ്യപ്പെടുത്താത്തതെന്നും ആക്ഷേപഹാസ്യമായി ചോദിച്ചിരുന്നു.ട്വിറ്ററിലും കനൗജിയ വീഡിയോ പങ്കുവെച്ചിരുന്നു.തുടര്‍ന്ന് സംഭവം വിവാദമായതോടെ കനൗജിയയെ ഡല്‍ഹിയിലെ വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് കനൗജിയയ്ക്ക് എതിരായ കേസ്.
അറസ്റ്റിനെതിരെ പ്രതിഷേധിച്ച് എഡിറ്റേഴ്സ് ഗില്‍ഡ്
ഉത്തര്‍പ്രദേശില്‍ പൊലീസ് നിയമം ദുരുപയോഗം ചെയ്തതായി ആരോപിച്ചു.ഇത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി.