ദില്ലി:യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി.ഉത്തര്‍പ്രദേശ് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി എന്തടിസ്ഥാനത്തിലാണ് കനോജിയയെ അറസ്റ്റ് ചെയ്തതെന്നും ചോദിച്ചു.പ്രശാന്ത് കനോജിയയെ ഉടന്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഭാര്യ ജിഗിഷയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ദൈവത്തിനും മതത്തിനുമെതിരെ പ്രകോപനപരമായ ട്വീറ്റുകള്‍ പ്രശാന്ത് കനോജിയ എഴുതിയിട്ടുണ്ടെന്നുകാണിച്ച് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചെങ്കിലും ഇത്തരം ട്വീറ്റുകളുടെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി പറഞ്ഞു.കനോജിയ കൊലക്കേസ് പ്രതിയാണോ? ഈ കേസില്‍ അറസ്റ്റും പത്ത് ദിവസത്തിലധികം നീണ്ട റിമാന്‍ഡും എന്തിനെന്ന് ജസ്റ്റിസ് രസ്‌തോഗി ചോദിച്ചു.ഇത്തരമൊരു കേസില്‍ 22 ദിവസം റിമാന്റ് ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ സുപ്രീം കോടതി വ്യക്തികളുടെ സ്വാതന്ത്രം പരമപ്രധാനമാണെന്നും വ്യക്തമാക്കി.
യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും കഴിഞ്ഞ കുറച്ചു വര്‍ഷമായി തങ്ങള്‍ വീഡിയോ ചാറ്റ് നടത്താറുണ്ടെന്നും ഒരു യുവതി വെളിപ്പെടുത്തിയതിന്റെ വീഡിയോ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഷെയര്‍ ചെയ്തതിനാണ് പ്രശാന്ത് കനോജിയയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.ഈ വീഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്തതിന് നാഷന്‍ ലൈവ് ചാനലിന്റെ മേധാവിയായ ഇഷിത സിങ്,എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.