തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതിയതിന് അധ്യാപകര്‍ക്കു സസ്‌പെന്‍ഷന്‍.രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയതിനാണ് പിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് മുക്കം നഗരസഭാ പരിധിയിലെ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും പരീക്ഷാ നടത്തിപ്പില്‍ അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി മുഹമ്മദ് ആണ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് പരീക്ഷ ഓഫീസിലിരുന്ന് എഴുതിയതായി കണ്ടെത്തിയത്.
നിഷാദിനേയും പരീക്ഷയെഴുതാന്‍ ഒത്താശ ചെയ്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പി കെ ഫൈസല്‍, പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂളിലെ പ്രിന്‍സിപ്പലുമായ കെ റസിയ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
രണ്ട് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷാപ്പേപ്പറിലെ കൈയക്ഷരം ഉള്‍പ്പെടെ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ആള്‍മാറാട്ടം നടന്നതായി കണ്ടെത്തിയത്. സ്‌കൂളിലെ ഓഫീസിലിരുന്ന് അധ്യാപകന്‍ പരീക്ഷയെഴുതുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളിലുണ്ടായിരുന്നതായും വ്യക്തമായി.രണ്ട് വിദ്യാര്‍ഥികളുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട്.
ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പ്ലസ് വണ്‍ പരീക്ഷയില്‍ ഇതേ സ്‌കൂളിലെ 32 ഉത്തരക്കടലാസുകള്‍ തിരുത്തലുകള്‍ വരുത്തിയതായും കണ്ടെത്തി.സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.