ന്യൂഡല്‍ഹി:ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ സമാജ്‌വാദി പാര്‍ട്ടി എംപി അസംഖാന്‍ ലോക്‌സഭയില്‍ മാപ്പു പറഞ്ഞു.രമാദേവിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പരാമര്‍ശത്തില്‍ രമാദേവിയോട് മാപ്പുപറയുന്നുവെന്നും അസംഖാന്‍ പറഞ്ഞു.എന്നാല്‍ മാപ്പു പറഞ്ഞാലും അസംഖാനോട് ക്ഷമിക്കാന്‍ കഴിയില്ലെന്ന് രമാദേവി പ്രതികരിച്ചു.
മാപ്പപേക്ഷ കൊണ്ട് തീര്‍ക്കാതെ അസംഖാനെതിരെ നടപടിയെടുക്കണമെന്നും രമാദേവി പറഞ്ഞു.അസംഖാന്റെ പരാമര്‍ശം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയതിനെത്തുടര്‍ന്ന് ലോക്‌സഭാ സ്പീക്കര്‍ ഇടപെട്ട് മാപ്പു പറയണമെന്ന് അസംഖാനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം മുത്തലാഖ് ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന ബിജെപി എം പി രമാ ദേവിയോട് അസംഖാന്‍ മോശമായി സംസാരിച്ചത്.”എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നു”എന്നാണ് അസംഖാന്‍ രമാദേവിയോട് പറഞ്ഞത്. സഭയില്‍ ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും അസംഖാനെതിരെ നടപടിയെടുക്കണമെന്നും രമാദേവി ആവശ്യപ്പെട്ടിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമനും സ്മൃതി ഇറാനിയും അസംഖാനെതിരെ രംഗത്തെത്തിയിരുന്നു.