തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കമാകും. മഞ്ചേശ്വരത്ത് നിന്നാണ് യുഡിഎഫിന്റെ ജാഥ ആരംഭിക്കുന്നത്. സിപിഐഎമ്മിനും സംഘപരിവാറിനും എതിരെയുള്ള രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമാക്കിയാണ് ജാഥ. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി ജാഥ ഉദ്ഘാടനം ചെയ്യും
അതിനിടെ കഴിഞ്ഞ ദിവസം പുതിയ കെപിസിസി അംഗങ്ങളുടെ ആദ്യ ജനറല്‍ബോഡി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. പുതിയ കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും എഐസിസി അംഗങ്ങളെയും തീരുമാനിക്കാനുള്ള അധികാരം എഐസിസി നേതൃത്വത്തിന് നല്കി കൊണ്ടുള്ള പ്രമേയം എംഎം ഹസനും ഉമ്മന്‍ ചാണ്ടിയും യോഗത്തില്‍ അവതരിപ്പിച്ചു.
ഇതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡായിരിക്കും കൈകൊള്ളുക. സംവരണ തത്വം പാലിച്ചാണ് കെപിസിസി പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്ന് എസ് നാച്ചിയപ്പന്‍ പറഞ്ഞു. ഡിഡിസി ജംബോ കമ്മിറ്റികള്‍ ഉടന്‍ വെട്ടിച്ചുരുക്കും. കെപിസിസി പട്ടികയില്‍ ഇടം ലഭിക്കാതെ പോയവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും നാച്ചിയപ്പന്‍ പറഞ്ഞു.