തിരുവനന്തപുരം:ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നു നിയമോപദേശം. വിജയരാഘവന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടു കേസെടുക്കേണ്ടെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയത്.
പൊന്നാനിയില്‍ ഇടതു മുന്നണി പൊതുയോഗത്തിലെ എ വിജയരാഘവന്റെ പ്രസംഗം തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിജയരാഘവനെതിരെ നടപടിയാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊന്നാനിയില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.
‘സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്.പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്.ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല എന്നായിരുന്നു വിജയരാഘവന്റെ പ്രസംഗം.