ആലത്തൂര്‍:കാര്‍ വേണ്ടെന്ന് രമ്യാ ഹരിദാസ് എംപി അറിയിച്ച സാഹചര്യത്തില്‍ പിരിച്ചെടുത്ത പണം തിരികെ നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇതുവരെ 6.13 ലക്ഷം രൂപ പിരിച്ചെടുത്തതായി യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പറഞ്ഞു.എംപി അറിയിച്ച സാഹചര്യത്തില്‍ കാര്‍ വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതായി നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. അപവാദ പ്രചാരണം നടത്തിയതിന് ബിനീഷ് കോടിയേരിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനും പാര്‍ലമെന്റ് കമ്മിറ്റി തീരുമാനിച്ചു.
കാര്‍ പിരിവെടുത്തു വാങ്ങേണ്ട ആവശ്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പുയരുകയും വിഷയം വിവാദമാവുകയും ചെയ്തതോടെ കാര്‍ വേണ്ടെന്ന് രമ്യാ ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. പൊതു ജീവിതം സുതാര്യമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നു വ്യക്തമാക്കിയ രമ്യ പാര്‍ട്ടി അധ്യക്ഷന്റെ അഭിപ്രായം അംഗീകരിക്കുന്നതായും പറഞ്ഞു.