ന്യൂഡല്‍ഹി:രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് തുടങ്ങി.രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാജസ്ഥാനില്‍ 51796 പോളിംഗ് ബൂത്തുകളിലായി 4.74 കോടി വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.2294 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.രാവിലെ 8 മണിമുതല്‍ വൈകുന്നേരം 5 വരെയാണ് പോളിംഗ്.തെലങ്കാനയിലെ 119 മണ്ഡലങ്ങളിലായി 1827 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്.

തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസിനെതിരെ കോണ്‍ഗ്രസ്, ടിഡിപി, ടിജെഎസ്,സിപിഐ കക്ഷികള്‍ മുന്നണിയായി മത്സരിക്കുകയാണ്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.കോണഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,സോണിയ ഗാന്ധി തുടങ്ങി പാര്‍ട്ടിയിലെ പ്രമുഖര്‍ പലതവണ സംസ്ഥാനത്ത് പ്രചാരണത്തിനെത്തി.
പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെയാണ് ബിജെപി തെലങ്കാനയില്‍ മത്സരിക്കുന്നത്.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം റാലികളില്‍ പങ്കെടുത്തിരുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശ്,ഛത്തീസ്ഗഡ്,മിസോറാം ഉള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഈമാസം 11ന് നടക്കും.

.