തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വൈകിയതില്‍ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടിയുടെ രാജിയെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പ്രതികരിച്ചു. രാജി ഉപാധി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായിരിക്കുന്നുവെന്നും പിണറായിക്ക് മുഖ്യമന്ത്രി ആയി തുടരാന്‍ അര്‍ഹതയില്ലെന്നും ഹസന്‍ പറഞ്ഞു. കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് തോമസ് ചാണ്ടി ഇന്ന് രാജിവെയ്ക്കുകയായിരുന്നു. എന്‍സിപി ദേശീയ നേതൃത്വവുമായി ടിപി പീതാംബരനും തോമസ് ചാണ്ടിയും നടത്തിയ ചര്‍ച്ചയിലാണ് രാജിക്കാര്യത്തില്‍ അന്തിമതീരുമാനമായത്. സാഹചര്യം വിലയിരുത്തിയ ദേശീയ നേതൃത്വം തോമസ് ചാണ്ടിയുടെ രാജിക്ക് അംഗീകാരം നല്‍കുകയായിരുന്നു.

അതേസമയം ഇടതു പക്ഷ ജനാധിപത്യ മുന്നണി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒരു മന്ത്രിസഭാ യോഗം യഥാവിധം നടത്താന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ നാട് ഭരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭ യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.