തിരുവനന്തപുരം: ഒരു തെറ്റും ചെയ്യാതെയാണ് താന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ തോമസ് ചാണ്ടി പറയുന്നു. ഇക്കാര്യത്തില്‍ താന്‍ ഖേദിക്കുന്നെന്നും നല്ല നിലയില്‍ ഭരണം നടത്തിക്കൊണ്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരാതിരിക്കാന്‍ വേണ്ടിയാണ് രാജിയെന്നും കത്തില്‍ പറയുന്നു.
മന്ത്രിയായി പ്രവര്‍ത്തിച്ച കാലയളവില്‍ നല്കിയ ഉപദേശങ്ങള്‍ക്കും സഹായങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തോമസ് ചാണ്ടി കത്ത് അവസാനിപ്പിക്കുന്നത്.
രാജിക്കത്തിന്റെ പൂര്‍ണരൂപം
”അങ്ങേയ്ക്ക് അറിവുള്ളതുപോലെ ഒരു തെറ്റും ചെയ്യാതെ മന്ത്രിസഭയില്‍ നിന്ന് രാജി വെക്കേണ്ടി വന്ന സാഹചര്യം ഉണ്ടായതില്‍ ഞാന്‍ ഖേദിക്കുന്നു. ചില മാധ്യമങ്ങള്‍ തുടങ്ങിവെച്ചതും മറ്റുചില മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതും ഒരു ശതമാനം പോലും സത്യം ഇല്ലാത്തതുമായ കായല്‍ കൈയേറ്റം എന്ന വ്യാജപ്രചാരണം. അന്വേഷണത്തില്‍ യാതൊരു അടിസ്ഥാനവുമില്ല എന്ന് തെളിഞ്ഞിരിക്കുന്ന വിവരം അങ്ങേയ്ക്ക് അറിയാമല്ലോ. പക്ഷെ ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ ഉളവായിട്ടുള്ള സംശയങ്ങളുടെ പശ്ചാത്തലത്തില്‍ നല്ല നിലയില്‍ ഭരണം നടത്തിക്കൊണ്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ എന്‍സിപിയുടെ കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ഈ തീരുമാനം എടുത്തിട്ടുള്ളത്.
അപ്രതീക്ഷിതമായി ഇന്നലെ ബഹു. ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളാണ് രാജി വെയ്ക്കുന്നതിന് എന്നെ പ്രേരിപ്പിച്ചത്. അത് നീക്കിക്കിട്ടുന്നതിന് വേണ്ടി ബഹു. സുപ്രിം കോടതിയെ സമീപിക്കുന്നുണ്ട്. ബഹു. സുപ്രിം കോടതി മുമ്പാകെ എന്റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരാന്‍ കഴിയുമെന്ന വിശ്വാസമാണ് എനിക്കുള്ളത്.
മന്ത്രിയായി പ്രവര്‍ത്തിച്ച കാലയളവില്‍ അങ്ങ് എനിക്ക് നല്കിയ ഉപദേശങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ക്കും പിന്തുണയ്ക്കും ഞാനും എന്റെ പാര്‍ട്ടിയും അങ്ങയോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
എല്ലാവിധ നന്മകളും നേര്‍ന്നുകൊണ്ട്
വിശ്വസ്തതയോടെ
തോമസ് ചാണ്ടി