കൊച്ചി:സാമ്പത്തികത്തട്ടിപ്പില്‍ പ്രതിയായ രാജ്കുമാറിന്റെ മരണം പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റതുകൊണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.രാജ്കുമാര്‍ മരിച്ചത് ന്യൂമോണിയ ബാധിച്ചാണെങ്കിലും രോഗത്തിലേക്കു നയിച്ചത് ക്രൂരമായ മര്‍ദ്ദന മുറകളാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്നലെ അറസ്റ്റു ചെയ്ത എസ്‌ഐ കെ എ സാബുവിന്റെയും സിവില്‍ പൊലീസ് ഓഫീസറായ സജീവ് ആന്റണിയുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
തട്ടിപ്പ് നടത്തിയ തുക കണ്ടെത്താനാണ് രാജ്കുമാറിനെ പ്രതികളായ പൊലീസുകാര്‍ മര്‍ദ്ദിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. പ്രാകൃത ശിക്ഷാ രീതികളാണ് രാജ്കുമാറിന്റെ ദേഹത്ത് നടപ്പാക്കിയത്. ഇതേത്തുടര്‍ന്ന് ദേഹത്ത് പലയിടത്തും മുറിവുകളുണ്ടായി ആഴത്തിലുള്ള ചതവുകളും ഗുരുതരമായ പരിക്കുകളും ഉണ്ടായി. കാല്‍തുടയിലും, കാല്‍വെള്ളയിലും ആഴത്തില്‍ ചതവുണ്ടായി. ശരീരത്തിനകത്ത് കടുത്ത പരിക്കുകളുണ്ടായ രാജ്കുമാറിന് ന്യൂമോണിയ ഉണ്ടായി.ഇതാണ് മരണത്തിനിടയാക്കിയതെന്നും,ഇതിന് കാരണം സ്റ്റേഷനിലെ ക്രൂരമര്‍ദ്ദനമാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസുകാര്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചു. നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ, ഇരിക്കാനോ, കാലുകള്‍ അനക്കാനോ പറ്റാത്ത വിധം അവശനായപ്പോഴാണ് പ്രതിയെ 15-ാം തീയതി രാത്രി ഒമ്പതരയ്ക്ക് തെറ്റായ നടപടികളിലൂടെ, അറസ്റ്റ് രേഖപ്പെടുത്തുന്നത്. അന്ന് തന്നെ രാത്രി 12 മണിയോടെ രാജ്കുമാറിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് രാജ്കുമാറിനെ 16-ാം തീയതി, രാത്രി 9.30-യോടെയാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ രാജ്കുമാറിനെ പിന്നീട് റിമാന്‍ഡ് ചെയ്യുകയും പീരുമേട് സബ്ജയിലിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.രാജ്കുമാറിന് സ്റ്റേഷന്‍ ജാമ്യം നല്‍കിയെന്ന് പൊലീസുകാര്‍ വ്യാജരേഖയുണ്ടാക്കിയതായും തെളിവുകളില്ലാതാക്കാന്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ക്കുകയും രേഖകള്‍ തിരുത്തുകയും ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.