ദില്ലി:ഇന്ത്യയെ വിഭജിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ.വിഭജനം നെഹ്‌റുവിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നു.കാശ്മീരിന്റെ മൂന്നിലൊന്നുഭാഗം പാകിസ്ഥാന് തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‌റുവെന്നും അമിത് ഷാ ആരോപിച്ചു. കശ്മീരില്‍ ആറ് മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം നീട്ടി.അമിത് ഷാ അവതരിപ്പിച്ച പ്രമേയം ലോക്സഭ പാസാക്കുകയായിരുന്നു. അമിത്ഷായുടെ ആദ്യത്തെ ബില്ലാണിത്.ജമ്മു കശ്മീര്‍ സംവരണഭേദഗതി ബില്ലും പാസ്സായി.ജമ്മു കശ്മീരില്‍ പാക് സ്‌പോണ്‍സേഡ് തീവ്രവാദമാണ് നടക്കുന്നത്.രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അവിടെ പ്രശ്‌നമുണ്ടാക്കുന്നത് കോണ്‍ഗ്രസാണെന്നും അമിത്ഷാ പറഞ്ഞു.
അതേസമയം രാഷ്ട്രീയ നേട്ടത്തിനായി ജമ്മു കശ്മീരില്‍ ജനാധിപത്യ മര്യാദകളെ ചവിട്ടി മെതിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണഘടനയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സുരക്ഷ പ്രശ്നങ്ങളില്ലാത്ത ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തതിന് സുരക്ഷാ കാരണം പറയുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.