തിരുവനന്തപുരം: ലോകത്തിലെ പ്രശസ്തമായ സര്‍വകലാശാലകളും ഇന്ത്യയിലെ ഐഐടികളടക്കമുള്ള സ്ഥാപനങ്ങളും പങ്കെടുത്ത രാജ്യാന്തര ഹാക്കത്തോണില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഗവേഷണ, പഠന സ്ഥാപനമായ ഐഐടിഎംകെ ഗോള്‍ഡന്‍ ടിക്കറ്റ് പുരസ്കാരം കരസ്ഥമാക്കി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ കീഴിലുള്ള പ്രോഫര് എന്ന സ്റ്റാര്‍ട്ടപ്പും കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗും ചേര്‍ന്ന് നടത്തിയ ഹാക്കത്തോണില്‍ കര്‍ഷകര്‍ക്ക് സ്വന്തം ഉല്പന്നങ്ങള് വില്‍ക്കുന്നതിന് ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത വിപണി സൃഷ്ടിക്കുന്ന ‘അഗ്രോചെയിന്’ എന്ന ആപ്പിലൂടെയാണ് ഐഐഐടിഎംകെ ഈ പുരസ്കാരം നേടിയത്.
ഐഐടിഎംകെയിലെ ഗവേഷണ വിദ്യാര്‍ഥികളായ നിഖില്‍ വി ചന്ദ്രന്, എസ് ആദര്‍ശ്, വിഎസ് അനൂപ് എന്നിവര്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എസ്.അഷ്റഫിന്റെ മേല്‍നോട്ടത്തിലാണ് ആപിന് രൂപം നല്‍കിയത്. ഇരുപത്തെട്ട് രാജ്യങ്ങളില്‍നിന്നുള്ള രണ്ടായിരത്തോളം വിദ്യാര്‍ഥികളും വിദഗ്ധരും പങ്കെടുത്ത ഹാക്കത്തോണില്‍ സമൂഹത്തിനു പ്രയോജനപ്പെടുന്ന തരത്തില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇടപാടുകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തത്സമയം നല്‍കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ഐടി സംവിധാനമാണ് ബ്ലോക് ചെയിന്‍.
കര്‍ഷകരും ഉപഭോക്താക്കളും ഇടനിലക്കാരെ ഒഴിവാക്കി സൈബര്‍ ലോകത്ത് ഒത്തുചേരുന്ന സഹകരണ കാര്‍ഷിക വിപണന സംവിധാനമാണ് അഗ്രോചെയിന്. ഉല്പന്നങ്ങള്ക്ക് വിപണി കണ്ടുപിടിക്കുന്നതോടൊപ്പംതന്നെ കൃഷിയ്ക്കുള്ള ധനസഹായവും കൃഷിസ്ഥലവുമടക്കം ഈ സംവധാനത്തിലൂടെ കര്‍ഷകര്‍ക്ക് നേടാം. തങ്ങളുടെ ഉല്പന്നങ്ങള് കര്‍ഷകര്‍ ബ്ലോക് ചെയിന്‍ ലെഡ്ജറുകളില്‍ രേഖപ്പെടുത്തും. ഉപഭോക്താക്കള്‍ക്ക് ഇത് നോക്കി കര്‍ഷകരുടെ വിശ്വാസ്യത മനസിലാക്കി അവരുമായി ഡിജിറ്റല്‍ രൂപത്തിലുള്ള കരാറിലേര്‍പ്പെടും. കര്‍ഷകര്‍ നേരത്തെ നടത്തിയ ഇടപാടുകളും കാര്‍ഷിക രീതികളും പരിശോധിച്ചാണ് ഇത് ചെയ്യുന്നത്. തുടര്‍ന്ന് കര്ഷകന് കൃഷി ചെയ്യാനാവശ്യമായ പണമോ സ്ഥലമോ ഉപഭോക്താവ് നല്‍കും. രണ്ടു പേരും തമ്മിലുണ്ടാക്കുന്ന ധാരണയനുസരിച്ച് വിപണിയുടെ അടിസ്ഥാനത്തിലുള്ള ലാഭവിഹിതം അല്ലെങ്കില്‍ ഉല്പന്നം ഉപഭോക്താവിനും കര്‍ഷകനും ലഭിക്കും. ഉപഭോക്താവിന്റെയും കര്‍ഷകന്റെയും വിശ്വാസ്യത നിര്‍ണയിക്കാനുള്ള റേറ്റിംഗ് സംവിധാനം അഗ്രോചെയിനിന്റെ ഭാഗമാണ്.
ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയിലൂടെ സര്‍ക്കാര്‍ മേഖലയിലും സമ്പദ്വ്യവസ്ഥകളിലും വാണിജ്യത്തിലും എന്തൊക്കെ മാറ്റം വരുത്താമെന്നാണ് ഹാക്കത്തോണിലൂടെ സംഘാടകര്‍ പരിശോധിച്ചത്. മൈക്രോസോഫ്റ്റ്, ഐബിഎം, ആക്സെല്‍, ആമസോണ്‍. ഊബര്‍, സെബ്പേ, ഡല്‍ഹി ഐഐടിയിലെ സംരംഭക സെല്‍ എന്നിവ ഹാക്കത്തോണില്‍ പങ്കാളികളായിരുന്നു. ഓണ്‍ലൈന്‍ അടിസ്ഥാനത്തില്‍ നടത്തിയ മത്സരത്തിനൊടുവില്‍ അമേരിക്കയിലെ എംഐടി, ഹാര്‍വാഡ്, സ്റ്റാന്‍ഫഡ്, ഓക്സ്ഫഡ്, കേംബ്രിഡ്ജ് തുടങ്ങിയ സര്‍വകലാശാലകളിലും ഐഐടികളിലുംമറ്റും നിന്നുള്ള 93 എന്‍ട്രികളാണ് യോഗ്യത നേടിയത്. വിവിധ മേഖലകളായി തിരിച്ച് ഡല്‍ഹി ഐഐടിയിലായിരുന്നു അവസാന മത്സരം നടന്നത്. രാജ്യാന്തര ജൂറിയായിരുന്നു വിധിനിര്‍ണയം നടത്തിയത്.