തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു.പുറത്തിറങ്ങിയ ഉടന്‍ ഫേസ്ബുക്ക് ലൈവിലൂടെ വീണ്ടും ശബരിമല വിഷയത്തിലെ പഴയ നിലപാട് തന്നെ രാഹുല്‍ ആവര്‍ത്തിക്കുകയായിരുന്നു.നവംബര്‍ അഞ്ചിന് ശബരിമലയില്‍ ഫെമിനിസ്റ്റുകളെ കയറ്റാന്‍ മുഖ്യമന്ത്രി അടക്കം ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തുകയാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.അങ്ങനെ സംഭവിച്ചാല്‍ നവംബര്‍ 13ന് സുപ്രീം കോടതിയിലെ കേസില്‍ പരാജയപ്പെടുമെന്നും ഇത് ഒഴിവാക്കാന്‍ എല്ലാ അയ്യപ്പ ഭക്തരും രംഗത്തിറങ്ങണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.
അതേസമയം തന്ത്രികുടുംബം തള്ളിപ്പറഞ്ഞതിനെതിരെയും രാഹുല്‍ പ്രതികരിച്ചു.തനിയ്‌ക്കെതിരായ ആരോപണങ്ങള്‍ ബാലിശമാണ്.ആരെയോ ഭയന്നാണ് താഴമണ്‍ തന്ത്രികുടുംബം തനിയ്‌ക്കെതിരെ പ്രസ്താവന നടത്തുന്നതെന്നും എതിര്‍സ്ഥാനത്ത് മുഖ്യമന്ത്രി നില്‍ക്കുന്നതുകൊണ്ടാണോ തന്ത്രികുടുംബം ഭയക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന്് ജാമ്യം അനുവദിച്ചത്.അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക,എല്ലാ ചൊവ്വാഴ്ചയും സ്റ്റേഷനിലെത്തുക എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.