റാന്നി:ശബരിമല ധര്‍മ്മസേന നേതാവ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി.ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാണ് കോടതി നടപടി.പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം രാഹുല്‍ ഈശ്വര്‍ പാലിച്ചില്ലെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എന്നാല്‍ ഒരു ദിവസം ഒപ്പിടാന്‍ വൈകിയതിന് പോലീസ് തന്നോട് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. കോടതിയുടെ ഉത്തരവിനെതിരെ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് രാഹുല്‍ ജാമ്യത്തിലിറങ്ങി. രക്തം ചിന്തിയിട്ടാലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്നാണ് രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം.സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ലെന്നും ഇയാള്‍ എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.ഇതേത്തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു.