ദില്ലി:വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്ന് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നറിയുന്നു. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നത്. ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കും.അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയൂ എന്നാണറിയുന്നത്.
അതേസമയം രാഹുല്‍ വയനാട്ടിലെത്തുമോ ഇല്ലയോ എന്ന ആശങ്കയ്‌ക്കൊടുവില്‍ സ്ഥാനാര്‍ത്ഥിത്വം തീരുമാനമായതോടെ വയനാട്ടില്‍ മാത്രമല്ല,കേരളമൊട്ടുക്ക് പ്രവര്‍ത്തകര്‍ ആവേശത്തിമിര്‍പ്പിലാണ്. പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം വയനാട്ടില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ജില്ലയിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനങ്ങളും നടത്തി.രാഹുല്‍ ഗാന്ധിയുടെ വരവോടെ വയനാടെന്ന പ്രകൃതി സുന്ദരമായ നാട് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്.ജയിച്ച് അധികാരത്തിലെത്തുകയാണെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മണ്ഡലമാവുന്ന നാട്.