ദില്ലി:വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കും.കേരള നേതാക്കളുടെ ആവശ്യപ്രകാരമാണ് മല്‍സരിക്കുന്നത്.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അല്‍പസമയത്തിനകം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നാണറിയുന്നത്. നിലവിലെ സ്ഥാനാര്‍ത്ഥിയായ ടി സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ്‌ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിദ്ദിഖ് പിന്‍മാറാന്‍ തയ്യാറാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വയനാട്ടില്‍ ടി സിദ്ദിഖ് പ്രചരണം തുടങ്ങിയിരുന്നെങ്കിലും ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിക്കാനാവാത്ത അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്.എന്നാല്‍ രാഹുല്‍ ഗാന്ധിയെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിക്കൂടിയാണ് വയനാടിന്റെ പ്രഖ്യാപനം വൈകിയതെന്നാണ് നേതാക്കള്‍ പറയുന്നത്.

തെക്കേ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടിയാലേ ലോക്‌സഭയില്‍ പ്രതീക്ഷിക്കുന്ന സംഖ്യയിലേക്ക് കോണ്‍ഗ്രസിന് എത്താനാകൂ എന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്. അമേഠിയെക്കൂടാതെ കേരളത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും ശക്തിയുള്ള മണ്ഡലമായ വയനാട്ടില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ കേരളത്തിലും കര്‍ണ്ണാടകത്തിലും കൂടുതല്‍ സീറ്റുകളില്‍ ജയിച്ചുകയറാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കെപിസിസി നേതൃത്വം വീണ്ടും രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ടത്.

അതേസമയം രാഹുല്‍ മല്‍സരിക്കുന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.സംഘടനാച്ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി കെസി വേണുഗോപാലും മുതിര്‍ന്ന നേതാവ് എകെ ആന്റണിയും ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.