കല്‍പ്പറ്റ:വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത് 40,000 രൂപ.72 ലക്ഷം രൂപയുടെ കടബാധ്യതയും.നാമനിര്‍ദേശപത്രികയിലാണ് രാഹുലിന്റെ സ്വത്തും നിക്ഷേപങ്ങളും വിശദമാക്കിയിരിക്കുന്നത്.
ആകെ ആറ് കോടിയോളം (കൃത്യം 5,80,58,779 രൂപ) നിക്ഷേപം,ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വത്തുക്കള്‍ (കൃത്യം 1,32,48,284 രൂപ)..72 ലക്ഷത്തോളം രൂപയാണ് കടബാധ്യത.5 കോടിയോളം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായുണ്ട്.(5,19,44,682 രൂപ), 39,89,037 രൂപയുടെ ഇന്‍ഷൂറന്‍സ്.മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളുമുണ്ട്.
ആകെ അഞ്ച് കേസുകളാണ് രാഹുലിനെതിരായുള്ളത്. ആദ്യത്തെ നാലെണ്ണവും ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ നാഷണല്‍ ഹെറാള്‍ഡ് കേസും ഉള്‍പ്പെടുന്നു.
ട്രിനിറ്റി കോളേജില്‍ നിന്ന് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ എം ഫില്ലും,കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവുമാണ് വിദ്യാഭ്യാസ യോഗ്യത.
ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കാ ഗാന്ധിയോടൊപ്പം വയനാട്ടിലെത്തി പത്രിക സമര്‍പ്പിച്ചത്. വയനാടിന്റെ ചരിത്രത്തിലെ വലിയ ജനാവലിയാണ് രാഹുലിനെ കാണാന്‍ എത്തിയത്. ഈ മാസം വീണ്ടും രാഹുല്‍ വയനാട്ടില്‍ പ്രചരണത്തിനെത്തും.