ദില്ലി:രാഹുല്‍ ഗാന്ധി അധ്യക്ഷപദവിയില്‍ തുടരണമെന്ന് മുറവിളിയുമായി കോണ്‍ഗ്രസില്‍ നിന്നും കൂട്ട രാജി.ഇതിനോടകം വിവിധ പദവികളില്‍ നിന്നായി 120 ലേറെ നേതാക്കളാണ് രാജിവച്ചത്. കോണ്‍ഗ്രസില്‍ പുതിയ നേതൃനിരയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് നേതാക്കള്‍ രാജിവച്ചത്. രാഹുല്‍ ഗാന്ധിയോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും സൂചകമായാണ് രാജിവെക്കുന്നതെന്നാണ് നേതാക്കളുടെ രാജിക്കത്തില്‍ പറയുന്നത്.
മധ്യപ്രദേശില്‍ നിന്നുള്ള വിവേക് തന്‍ഖയാണ് രാജിക്ക് തുടക്കം കുറിച്ചത്. നിയമ-വിവരാവകാശ സെല്ലിന്റെ ചെയര്മാന് സ്ഥാനം രാജിവച്ച തന്‍ഖ രാഹുല്‍ ഗാന്ധിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന് സ്വന്തം ടീമിനെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജി സമര്‍പ്പിക്കണമെന്നുമാണ് അറിയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയ ഇന്ന് രാജി വച്ചിരുന്നു.കോണ്‍ഗ്രസിന്റെ ഡല്‍ഹി, ഹരിയാന, മദ്ധ്യപ്രദേശ് ഘടകങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് രാജിവച്ചത്.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കാന്‍ രാഹുല്‍ തീരുമാനമെടുത്തത്.തന്റെ തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നോട്ട് പോകാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്നാണ് ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം വീരപ്പ മൊയ്ലി പറഞ്ഞത്.