ഡല്‍ഹി:റഫാല്‍ അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി.കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും തള്ളി.റഫാല്‍ യുദ്ധ വിമാനത്തിന്റെ വില സംബന്ധിച്ച വിശദമായ അന്വേഷണം വേണ്ടെന്നു പറഞ്ഞ കോടതി റഫാല്‍ ഇടപാടിലെ സര്‍ക്കാര്‍ നടപടിയും ശരിവെച്ചു.വിമാനങ്ങളുടെ വില താരതമ്യം ചെയ്യുന്നത് കോടതിയുടെ ജോലിയല്ലെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കോടതിക്ക് ഇടപെടുന്നതില്‍ പരിമിധിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്,ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍,ജസ്റ്റിസ് കെ.എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
റഫാല്‍ യുദ്ധവിമാനം വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ എം എല്‍ ശര്‍മ്മ, വിനീത ഡാന്ഡേ, പ്രശാന്ത് ഭൂഷണ്,അരുണ്‍ ഷൂരി,യശ്വന്ത് സിന്‍ഹ, സഞ്ജയ് സിങ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളാണ് തള്ളിയത്.ഫ്രഞ്ച് കമ്പനിയായ ഡാസോയില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലും ഓഫ്സൈറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
സുപ്രീം കോടതി ആവശ്യപ്രകാരം റഫാല്‍ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ നല്‍കിയിരുന്നു.എന്നാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.