നയ്ചിതോ : റോഹിംങ്ക്യന്‍ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്ന് മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂ ചി. റോഹിംങ്ക്യന്‍ പ്രശ്‌നത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സൂചി.എല്ലാ മനുഷ്യാവകാശലംഘനങ്ങളെയും നിയമലംഘന പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നുവെന്നു പറഞ്ഞ സൂ ചി അക്രമ സംഭവങ്ങളില്‍ അതീവ ദു:ഖമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മ്യാന്‍മറില്‍ പുതിയ ഭരണമെത്തിയിട്ട് 18 മാസം പോലുമായിട്ടില്ല.70 വര്‍ഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവില്‍ സമാധാനവും സുസ്ഥിരതയും രാജ്യത്തേക്കു കൊണ്ടുവരേണ്ടതുണ്ട്. വടക്കന്‍ റാഖൈനില്‍ റോഹിംങ്ക്യ മുസ്ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ പ്രതിജ്ഞാബദ്ധരാണ്. അവര്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങളില്‍ അതീവ ദുഃഖമുണ്ട്.

റോഹിംങ്ക്യകള്‍ക്ക് രാജ്യം വിടേണ്ടിവരുന്ന അവസ്ഥ
ഉത്കണ്ഠയുണ്ടാക്കുന്നതാണ്. ഇതിന്റെ കാരണം എന്തന്ന് പരിശോധിക്കും. പലായനം ചെയ്ത ജനങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നു. സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരാനും റോഹിംങ്ക്യ വിഭാഗങ്ങളില്‍ ഒത്തൊരുമ കൊണ്ടുവരാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുമെന്നും സൂചി കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നപരിഹാരത്തിന് ഡോ. കോഫി അന്നന്റെ നേതൃത്വത്തിലുള്ള കമ്മീഷനെ ക്ഷണിച്ചിട്ടുണ്ട്. പലായനം ചെയ്തവര്‍ക്ക് തിരികെ വരാനുള്ള പരിശോധനാ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സൂചി പറഞ്ഞു.