കൊച്ചി:നടി ലീന മരിയപോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നില്‍ താന്‍ തന്നെയെന്ന് അധോലോക രാജാവ് രവി പൂജാരി.രവി പൂജാരിയുടെ ഫോണ്‍ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.ലീന മരിയ പോള്‍ ഉള്‍പ്പെട്ടസംഘം ചിലരുടെ കോടികള്‍ തട്ടിയെടുത്തെന്നും അത് തിരിച്ചുപിടിക്കാനാണ് താന്‍ ഇടപെട്ടതെന്നുമാണ് ഫോണ്‍ സന്ദേശത്തിലുളളത്. ബ്യൂട്ടീപാര്‍ലറിലേക്കു വെടിയുതിര്‍ത്തത് തന്റെ ആളുകളാണെന്നും രവി പൂജാരി പറയുന്നു.
എന്നാല്‍ ലീന മരിയ പോളല്ല തങ്ങളുുടെ ലക്ഷ്യമെന്നും  തട്ടിപ്പിനു പിന്നിലെ പ്രധാനിയെ താന്‍ വകവരുത്തുമെന്നും രവി പൂജാരി പറയുന്നു.ലീന മരിയയെ തനിക്കറിയില്ല. എന്നാല്‍ യഥാര്‍ഥ തട്ടിപ്പ് നടത്തിയ മറ്റൊരാളുണ്ട്. അയാളിലേക്ക് എത്താനാണ് ലീന മരിയയെ വിളിച്ചത്.ലീന മരിയ പറയുന്നത് പലതും പച്ചക്കളളമാണ്.25 കോടിയാണ് താന്‍ അവകാശപ്പെട്ടത്. ആ തുകയില്‍ മാറ്റമില്ലെന്നും രവി പൂജാരിയുടെ പേരിലെത്തിയ വിദേശ ഫോണ്‍ കോളില്‍ വ്യക്തമാക്കുന്നു.
ഫോണ്‍ വിവരങ്ങള്‍ പോലീസിനു കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. പല സാമ്പത്തികത്തട്ടിപ്പുകേസിലും പ്രതിയായ ലീന മരിയയുടെ അധോലോക ബന്ധങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.