സെന്റ്പീറ്റേഴ്സ്ബര്‍ഗ്:ഒരുമാസം നീണ്ടുനിന്ന കാല്‍പ്പന്തുകളിയുടെ മഹാമേളയ്ക്ക് കൊടിയിറങ്ങുമ്പോള്‍ ലോകഫുട്ബോളിന്റെ നെറുകയില്‍ വെന്നിക്കൊടി പാറിച്ച് ഫ്രാന്‍സ്.രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ കീഴടക്കിയ ഫ്രാന്‍സിന് ഇത് ലോകകപ്പ് ചരിത്രത്തിലെ രണ്ടാം കിരീടമാണ്.രണ്ടാം സ്ഥാനക്കാരായെങ്കിലും ലോകകപ്പിലെ അപ്രതീക്ഷിത പ്രകടനങ്ങളോടെ ഫൈനലിലെത്തിയ ക്രൊയേഷ്യ ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവര്‍ന്നാണ് ലോകകപ്പ് വേദി വിട്ടത്.
മരിയോ മാന്‍സുകിചിന്റെ സെല്‍ഫ് ഗോളും ആന്റോയിന്‍ ഗ്രീസ്മാന്,പോള്‍ പോഗ്ബ,കിലിയന്‍ എംബാപ്പെ എന്നിവരുടെ ഗോളുകളുമാണ് ഫ്രാന്‍സിന് കിരീടം നേടിക്കൊടുത്തത്.ഇവാന് പെരിസിക്,മാന്‍സുകിച്ച് എന്നിവര്‍ ക്രൊയേഷ്യയുടെ ഗോളുകള്‍ നേടി.ഒന്നാംപകുതിക്ക് ശേഷമാണ് ഫ്രഞ്ചുപട ലുഷ്നിക്കിയില് മുന്നേറ്റം നടത്തിയത്.
ക്രൊയേഷ്യയുടെ രണ്ട് പിഴവുകളാണ് ഫ്രാന്‍സിന് ആദ്യപകുതിയിലെ ലീഡ് സമ്മാനിച്ചത്.18ാം മിനിട്ടില്‍ ഫ്രാന്‍സ് മുന്നിലെത്തി.ഗ്രീസ്മാനെ ബോക്സിന് 30 വാരയകലെവച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഗ്രീസ്മാന് എടുത്ത ഫ്രീകിക്ക് ക്രൊയേഷ്യന്‍ സ്ട്രൈക്കര്‍ മരിയോ മാന്‍സുകിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ കയറുകയായിരുന്നു.29-ാം മിനിട്ടില്‍ മോഡ്രിച്ചെടുത്ത ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് ബോക്സില്‍ ലഭിച്ച ഇവാന് പെരിസിച്ചിന്റെ ഷോട്ട് ഫ്രാന്‍സിന്റെ വലയില്‍ തറച്ചു.
മുപ്പത്തിയാറാം മിനുറ്റില്‍ സ്വന്തം ബോക്സിനകത്ത് ഇവാന് പെരിസിച്ച് കൈ കൊണ്ട് പന്ത് തട്ടിയതിന് ക്രൊയേഷ്യക്കെതിരെ റഫറി വാറിന്റെ സഹായത്തോടെ പെനാല്‍റ്റി വിധിച്ചു.ലഭിച്ച കിക്കെടുത്ത അന്റോയിന്‍ ഗ്രീസ്മാന് പിഴച്ചില്ല. രണ്ടാംപകുതിയില്‍ ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളായിരുന്നു.തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 59ാം മിനിറ്റില്‍ പോഗ്ബയുടെ ഷോട്ടില്‍ ക്രൊയേഷ്യന്‍ വല വീണ്ടും കുലുങ്ങി.
65ാം മിനിട്ടില്‍ ഫ്രാന്‍സിന്റെ നാലാംഗോള്‍ എംബാപ്പെയിലൂടെ പിറന്നു. പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍നേടുന്ന ആദ്യ കൗമാരതാരം എന്ന റെക്കോര്‍ഡും എംബാപ്പെ സ്വന്തമാക്കി.മരിയോ മാന്‍സുകിച്ച് തന്റെ സെല്‍ഫ് ഗോളിന് 69ാം മിനിട്ടില്‍ പ്രായശ്ചിത്തം ചെയ്തെങ്കിലും ടീമിന്റെ തോല്‍വി ഒഴിവാക്കാന്‍ കഴിഞ്ഞില്ല.
Home INTERNATIONAL ലുഷ്നികിയില്‍ ഫ്രഞ്ച് വിപ്ലവം:ലോകഫുട്ബോളിന്റെ നെറുകയില്‍ ഫ്രാന്‍സ്;ക്രൊയേഷ്യയെ കിഴടക്കിയത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്;മികച്ച പ്രകടനത്തോടെ ആരാധകഹൃദയങ്ങളിലിടം പിടിച്ച്...