ലണ്ടന്‍: ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാളന്‍ ലൈംഗികാരോപണത്തെത്തുര്‍ന്ന് രാജിവെച്ചു. പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെും താന്‍ ചെയ്ത പലകാര്യങ്ങളും താന്‍ പ്രതിനിധീകരിക്കുന്ന സേനയുടെ ആദര്‍ശത്തിന് യോജിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫാളന്റെ രാജി.

2002ല്‍ ഒരു പാര്‍ട്ടിക്കിടെ റേഡിയോ അവതാരകയുടെ കാല്‍മുട്ടില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മൈക്കിള്‍ ഫാളനെതിരെയുള്ള ആരോപണം. തുടര്‍ന്ന് കുറ്റസമ്മതം നടത്തിയതിനു പിന്നാലെയാണ് തെരേസ മേ സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വച്ചത്.

അതേസമയം രാജിവെയ്ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി അദ്ദേഹം സ്വന്തം പദവിയില്‍ നിന്നുകൊണ്ട് സര്‍ക്കാരിനും രാജ്യത്തിനും വേണ്ടി ചെയ്ത സേവനങ്ങളെ അഭിനന്ദിച്ചു.

പുതിയ പ്രതിരോധമന്ത്രി ആരാണെന്ന് സംബന്ധിച്ച പ്രഖ്യാപനം വരും മണിക്കൂറുകളില്‍ തന്നെ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.