തിരുവല്ല:കുമ്പസാര രഹസ്യം പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ഫാ.ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ്
റിമാന്‍ഡ് ചെയ്തത്.ഫാ.ജോബ് മാത്യുവിനെ പത്തനംതിട്ട ജില്ലാജയിലിലേക്ക് മാറ്റി.നാളെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ജോബ് മാത്യു ജാമ്യാപേക്ഷ നല്‍കും.കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു.തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ പന്തളത്തെ വീട്ടില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ വൈദികനെ കൂക്കി വിളിച്ചു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നു രാവിലെ കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തി ഫാദര്‍ ജോബ് മാത്യു കീഴടങ്ങുകയായിരുന്നു.തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പരാതിക്കാരിയുമായി അടുത്ത പരിചയമുണ്ടെന്നു സമ്മതിച്ച ജോബ് മാത്യു യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പോലീസിനോട് പറഞ്ഞത്.എന്നാല്‍ യുവതി വൈദികന്റെ അടുത്ത് കുമ്പസാരിക്കാന്‍ എത്തിയിരുന്നുവെന്ന സാക്ഷി മൊഴി പോലീസിനു ലഭിച്ചിട്ടുണ്ട്.

.