കൊച്ചി:ഇനി മൂന്നുമാസം കലാസ്വാദകരുടെ ശ്രദ്ധാകേന്ദ്രമാകുകയാണ് കൊച്ചി.ലോകോത്തര കലാസൃഷ്ടികളുടെ സംഗമവേദിയായ കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് തുടക്കമായി. ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിനാലെ ഉദ്ഘാടനം ചെയ്തു.ജീവിതത്തെ മനുഷ്യത്വപൂര്‍ണ്ണമാക്കുന്നത് കലയും സംസ്കാരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഒന്‍പത് വേദികളിലായി ഇന്ത്യയുള്‍പ്പടെ 31 രാജ്യങ്ങളില്‍ നിന്നുള്ള 93 കലാസൃഷ്ടികളാണ് ബിനാലെക്കായി ഒത്ത് ചേരുക.സമത്വത്തിന്റെ സന്ദേശം പകര്‍ന്ന് ബിനാലെയുടെ ആദ്യ വനിതാക്യൂറേറ്ററായി അനിത ദുബെ എത്തുന്നുവെന്നത് മാത്രമല്ല,പകുതിയിലധികം വനിതാ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ആദ്യ ബിനാലെയെന്ന ഖ്യാതിയും ഇനി കൊച്ചി ബിനാലെയ്ക്ക് സ്വന്തമാവും.
ദുര്‍ഗാബായി വ്യാം, മാധവി പരേഗിന്റെ, ബിവി സുരേഷ്, സൈറസ് കബീറു,റീന ബാനര്‍ജി,സോങ് ഡോങ്,സൂ വില്ല്യംസണ്, ചിത്രഗണേശ,മര്സിയ ഫര്‍ഹാനയും തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള കലാകാരന്മാര് ബിനാലെ വേദിയില്‍ ഒന്നിക്കുന്നു.ലോകപ്രശസ്ത കലാസൃഷ്ടികള്‍ക്കൊപ്പം ആന്ധ്ര,ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്ര വിഭാഗങ്ങളുടെ കലാസൃഷ്ടികളും ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബിനാലെ നാലാം ലക്കത്തിന് സമാന്തരമായി സ്റ്റുഡന്‍സ് ബിനാലെ നടക്കുന്നുണ്ട്. ഇരുന്നൂറോളം വിദ്യാര്‍ത്ഥികളുടെ സൃഷ്ടികളാണ് ഇതില്‍ പ്രദര്‍ശിപ്പിക്കും. ലോകോത്തര കലാ വൈവിധ്യത്തെ ഒരു കുടക്കീഴില് അണിനിരത്തുന്ന ബിനാലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ തവണ ആറു ലക്ഷത്തോളം പേരാണ് കൊച്ചി ബിനാലെ സന്ദര്‍ശിച്ചത്.കൂടുതല്‍ ജനകീയമായതുകൊണ്ട് തന്നെ ഇത്തവണ സന്ദര്‍ശകര്‍ വര്‍ധിക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.