തിരുവനന്തപുരം: ലോക്കപ്പിനകത്ത് തല്ലലും കൊല്ലലും നടത്തുന്നവര്‍ സര്വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് സന്വേഷണവും വകുപ്പ്തല അന്വേഷണവും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
കസ്റ്റഡി മരണത്തില്‍ കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് വിഡി സതീശനാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥന് നെടുങ്കണ്ടം കസ്റ്റഡിമരണ കേസ് അന്വേഷിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വാക്കിന് കീറച്ചാക്കിന്റെ വിലയേ ഉള്ളുവെന്നും ചെന്നിത്തല ആരോപിച്ചു. തുടര്‍ന്ന് അടിയന്തര പ്രമേയം ചര്ച്ചക്കെടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.