തിരുവനന്തപുരം:സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായിരുന്ന വയനാട്ടിലും ആലപ്പുഴയിലും തീരുമാനമായെങ്കിലും വടകര ഇപ്പോഴും സംശയത്തില്തന്നെയാണ്. പ്രാദേശികതലത്തില്‍ പിന്തുണയുള്ള അഡ്വ.പ്രവീണ്‍ കുമാറിലേക്ക് സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ രൂപം എത്തിയെന്നാണ് സൂചന.മുല്ലപ്പള്ളി മല്‍സരിക്കില്ലെന്ന തീര്‍ത്തു പറഞ്ഞെങ്കിലും ഇപ്പോഴും മുല്ലപ്പള്ളിക്കായി അണികള്‍ മുറവിളി കൂട്ടുന്നുണ്ട്.മുല്ലപ്പള്ളിയോട് ഡല്‍ഹിയില്‍ തുടരാനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
കെ മുരളീധരനെയും സുധീരനേയും വടകരയിലേക്ക് പരിഗണിച്ചെങ്കിലും ഇവരാരും മല്‍സരിക്കാന്‍ തയ്യാറായില്ല.ബിന്ദുകൃഷ്ണയേയും രാജ്മോഹന്‍ ഉണ്ണിത്താനേയും പരിഗണിച്ചെങ്കിലും ഇരുവര്‍ക്കുമെതിരെ പ്രാദേശിക തലത്തില്‍ തന്നെ എതിര്‍പ്പുണ്ടായി. മുന്‍ നിരനേതാക്കളെയൊന്നും വടകരയില്‍ മല്‍സരത്തിന് കിട്ടാത്ത സാഹചര്യത്തിലാണ് ഇതുവരെ ചിത്രത്തിലില്ലാതിരുന്ന പ്രവീണ്‍കുമാറിനെ പരിഗണിച്ചത്.പി.ജയരാജനെതിരെ ശക്തമായ രാഷ്ട്രീയപ്പോരാട്ടം കാഴ്ചവെക്കേണ്ട മണ്ഡലത്തില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് മറ്റു മണ്ഡലങ്ങളിലെയും പ്രകടനത്തെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആശങ്ക.ശക്തനായ സ്ഥാനാര്‍ത്ഥി വടകരയില്‍ വേണമെന്നാണ് കോണ്‍ഗ്രസിന് പിന്തുണ നല്കുന്ന ആര്‍എംപി അടക്കം ആവശ്യപ്പെട്ടിരുന്നത്.
വയനാട് ടി സിദ്ധിക്ക് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് തന്നെയാണ് മത്സരിക്കുക. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് ഇന്ന് മുതല്‍ പ്രചാരണം ആരംഭിച്ചു.