തിരുവനന്തപുരം:വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ചരിത്രത്തിലിന്നേവരെ ഉണ്ടായിട്ടില്ലാത്തവിധം സര്‍ക്കാര്‍ ജീവനക്കാരെയടക്കം ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും ആളെക്കൂട്ടാന്‍ സിപിഎം ശ്രമിച്ചു.എന്നാല്‍ ഗ്രാമങ്ങളില്‍ പലേടത്തും ആളില്ലാതെ മതില്‍ പൊളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.
വനിതാ മതില്‍ ഒരു ചലനവുമുണ്ടാക്കിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.മതിലിന് 50 കോടി ചെലവഴിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും 500 കോടി രൂപയെങ്കിലും വനിതാ മതിലിന് ചെലവായിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രളയത്തില്‍പ്പെട്ടവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയും 10000 രൂപയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയും ചെയ്യുമ്പോഴാണ് ഈ ധൂര്‍ത്ത് എന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മതന്യൂനപക്ഷങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയ മതില്‍ വര്‍ഗീയ മതില്‍ ആണെന്ന് തെളിഞ്ഞു.സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും ദുരുപയോഗം ചെയ്തു.സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു.ബന്ദ് സമാനമായ സാഹചര്യം സൃഷ്ടിച്ചാണ് മതില്‍ കെട്ടിയത്.